Thursday, October 1, 2009

ചാനലുകള്‍ ചാകരയില്‍ പുളയ്ക്കുമ്പോള്‍

തേക്കടിയില്‍ ഇന്നലെ സംഭവിച്ച ദുരന്തം കഴിഞ്ഞിപ്പോള്‍ നേരത്തോടു നേരം കഴിഞ്ഞു.
മരണ സംഖ്യ നാല്‍പ്പതിന്റെ തുടക്കത്തിലെത്തി. ദുരന്തം ഒരുപാടു കുടുംബങ്ങള്‍ക്കും ഒട്ടനവധി മനസുകള്‍ക്കും ഒരു തീരാ നഷ്ടവും വേദനയുമാകുമ്പോള്‍ ഒരു കൂട്ടര്‍ക്ക് അതൊരു ചാകരയായി. ഇന്നലെ ഓടി തുടങ്ങിയ ലൈവ് ഇപ്പോഴും മുറിഞ്ഞിട്ടില്ല. കൊച്ചുകുട്ടികളുടേതടക്കമുള്ള മൃതശരീര കാഴ്ചകള്‍ നിരനിരയായും നിരതെറ്റി ഒരുപാടാവര്‍ത്തിച്ചും കാണിച്ചവര്‍ കത്തികയറുന്നു.

ഒരു വള്ളവും ഒരുപാടു ജീവിതങ്ങളും തടാകത്തിലേക്ക് കീഴ്മേല്‍ മറിഞ്ഞു കൂപ്പുകുത്തി ആറു മണിക്കൂറു കഴിയും മുന്‍പു തന്നെ “അന്വേഷണം” ആരംഭിച്ചു. ഇപ്പോഴും ലൈവ് ചേട്ടന്മാര്‍ ഒരു തീരുമാനത്തിലെത്തിയില്ല. ഇന്നലെ ആദ്യം കേട്ടത് യാത്രക്കാര്‍ ഒരുവശത്തേക്ക് നീങ്ങിയപ്പോള്‍ ബാലന്‍സ് തെറ്റി മറിഞ്ഞതായിട്ടാണ്. ഇന്നിപ്പോള്‍ അത് പുതിയ മാനങ്ങള്‍ തേടുന്നു. ഡ്രൈവര്‍ പുതുമുഖമാണ്, ഫൈബര്‍ വള്ളമോടിച്ച് മുന്‍പരിചയമില്ല. ഇതൊരു മനപൂര്‍വ്വം ക്രിയേറ്റു ചെയ്ത ദുരന്തം പോലെ ഒക്കെ വരുത്തി വയ്ക്കാന്‍ അവര്‍ ശ്രമിക്കുന്നു. ലൈവായി ചര്‍ച്ചിച്ച് മുളപ്പിക്കാന്‍ വിത്ത് ഒന്നും കിട്ടിയില്ലാ എങ്കില്‍ റിപ്പോര്‍ട്ടറോട് ന്യൂസ് റൂമില്‍ നിന്നും അന്വേഷിക്കാം “ഈ ദുരന്തത്തിനു പിന്നില ഏതെങ്കിലും ആദിവാസി സംഘടനകളുടെ ഇടപെടല്‍ കാണാനാകുന്നുണ്ടോ? വന്യമൃഗ സങ്കേതത്തിലെ ആനകള്‍ എങ്ങിനെയാണ് ഈ ദുരന്തത്തോട് പ്രതികരിച്ചത്? ഒരു കാട്ടു പൂച്ചയെ എങ്കിലും കിട്ടും വരെ ലൈനില്‍ തുടരു, വീണ്ടും ബന്ധപ്പെടാം”
ചാനല്‍ ജാര്‍ഗണുകള്‍ നിലയും നിലപാടു തറയും വിട്ട് പായുന്നു.

ഈ വിശകലനങ്ങളും റിപ്പോര്‍ട്ടിങ്ങും കണ്ടാല്‍ തോന്നുന്നത് ഇതിന്റെ പിന്നില്‍ എന്തോ ഗൂഢാലോചന നടന്നു എന്നാണ്. എന്തിനേയും ആ കണ്ണില്‍ കണ്ട് ശീലിച്ചുപോയവര്‍ക്ക് കണ്ണടയ്ക്കാന്‍ പറ്റില്ലല്ലോ.

ചാനലുകള്‍ പറയുന്നതാണ് ജനം അറിയുന്നത്. അതുകൊണ്ടു തന്നെ വര്‍ണ്ണ/വര്‍ഗ്ഗ/രാഷ്ട്രീയ വ്യത്യാസമില്ലാതെ തന്നെ ഒരേ ചിന്താധരയില്‍ തന്നെ രമിച്ച് കൊഴുക്കാനുള്ള കോപ്പ് അവര്‍ പരസ്പരം കോപ്പി ചെയ്തും വിശകലിച്ചും കത്തി കയറുന്നു. ഇനി അതില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോ എന്നും അന്വേഷിക്കാം. അങ്ങ്നെ അന്വേഷിച്ചാല്‍ ഒടുവില്‍ അന്വേഷണം പതിവുപോലെ ബിനീഷ് കോടിയേരിയിലോ മറ്റു മന്ത്രിപുത്രന്മാരിലോ വന്നെത്തി നില്‍ക്കുമെന്നാലും നമ്മള്‍ അതിശയിക്കരുത്. കാരണം ഇപ്പോള്‍ കേരളത്തില്‍ എന്തു നടന്നാലും ചാരിവയ്ക്കാന്‍ ചാനലുകാര്‍ ബുക്ക് ചെയ്ത ഒരു ചുവരാണത്. (ഇതിനര്‍ത്ഥം ഈ പറഞ്ഞ മന്ത്രിപുത്രന്മാരൊക്കെ വിശുദ്ധരാണ് എന്നല്ല. അതിവിടെ അലക്കേണ്ട വിഷയമല്ല, അങ്ങിനെ ചെയ്താല്‍ നമ്മളും ചാനല്‍ ബ്രദേര്‍സും തമ്മില്‍ എന്താ വ്യത്യാസം?)

ചാനലുകളുടെ ഊഹാപോഹങ്ങളില്‍ കുരുങ്ങി ഒരു സമൂഹം അനുദിനം, അനു നിമിഷം തങ്ങളുടെ ചിന്തയും വിശ്വാസവും മാറ്റി മറിച്ച് കൊണ്ടിരിക്കുന്നു. അവര്‍ക്ക് ഒരു ലൈവ് അപ്ഡേറ്റുപോലെ മറ്റുള്ളവരുമായി ചെയ്യാം “അറിഞ്ഞില്ലേ.. വള്ളം മുക്കിയത് ഉട്ടോപ്യന്‍ പട്ടിണി-തീവ്രവാദികളാണ്”

യാഥാര്‍ത്ഥ്യം തിരിച്ചറിയും വരെ ഇവര്‍ കണ്ടതും കാണാത്തതും ചിന്തിച്ചതും ചിന്തിക്കാതിരുന്നതും ഒക്കെ ചേര്‍ത്ത് വച്ച് വിശകലിക്കും. കഷ്ടം.
ചാനലുകളും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അകലം എന്നുപറയുന്നത് അങ്ങു മുകളില്‍ സാറ്റലൈറ്റിന്റെ അടുത്തുവരെ എത്തും എന്നതാണ് ‘ലൈവായ’ സത്യം.

4 comments:

jaideep said...

ഈ വിശകലനങ്ങളും റിപ്പോര്‍ട്ടിങ്ങും കണ്ടാല്‍ തോന്നുന്നത് ഇതിന്റെ പിന്നില്‍ എന്തോ ഗൂഢാലോചന നടന്നു എന്നാണ്. എന്തിനേയും ആ കണ്ണില്‍ കണ്ട് ശീലിച്ചുപോയവര്‍ക്ക് കണ്ണടയ്ക്കാന്‍ പറ്റില്ലല്ലോ.

മുക്കുവന്‍ said...

it is so sad to hear that they did not had enough life boat in this vehicle... yea... what did they learn from last years accident?

channels are making stories for their viewers..but the the govt is doing?

left/right all are same..

കണ്ണനുണ്ണി said...

sad...so sad..

ബിനോയ്//HariNav said...

"..ചാനലുകളും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അകലം എന്നുപറയുന്നത് അങ്ങു മുകളില്‍ സാറ്റലൈറ്റിന്റെ അടുത്തുവരെ എത്തും എന്നതാണ് ‘ലൈവായ’ സത്യം.."

കറക്ട്! :)