Monday, September 28, 2009

നയന്‍‌താര നഷ്ടപ്പെടുത്തുന്ന മീശ.



ഇടത്തുനിന്നും വലത്തേക്ക് തലചരിച്ചുവച്ചിരുന്നാലെ
നയന്‍‌താരയെ കാണാനാകു
റോസ് നിറത്തിലുള്ള ഉടുപ്പിനുതാഴെ
വെളുത്ത കാല്‍മുട്ടുകളും.

നയന്‍‌താര പിന്നിലെ ചില്ലിലാണ് കൈകള്‍
പിണഞ്ഞ് നില്‍ക്കുന്നത്
കടുത്ത ഗന്ധവുമുള്ള ഏതോ വിലകുറഞ്ഞ
ആഫറ്റര്‍ ഷേവിന്റെ തണുപ്പ്.
കണ്ണിലിപ്പോഴും ചൂടുതന്നെ.

രണ്ടായി കീറിയ ടിഷ്യുവിലൊന്ന് മുഖത്തമര്‍ന്നപ്പോള്‍
ഞാന്‍ ഓര്‍ത്തു, ഇനിയിപ്പോള്‍ കസേരവിട്ടുകൊടുക്കണം.
പോരേ?,
കവിളില്‍ കൈതൊട്ടുകൊണ്ടു ബാര്‍ബര്‍ ചോദിച്ചു.
വലത്തേക്ക് തലചരിച്ചുവച്ചു ചില്ലില്‍ നോക്കി ഞാന്‍ മറുചോദ്യമിട്ടു,
ഈ മീശകൂടി എടുത്താലോ?

Monday, September 21, 2009

ബെസ്റ്റ് ആക്ടറും ഏഷ്യാനെറ്റും പിന്നെ മത്സരതൊഴിലാളികളും.


മമ്മൂട്ടി - ദ ബെസ്റ്റ് ആക്ടര് അവാര്‍ഡ് 2009. അതാണ് പ്രോഗ്രാമിന്റെ പേരു്. ഓടുന്നത് ഏഷ്യാനെറ്റില്‍. ജഡ്ജസ് എന്നു പറയുമ്പോള്‍ ഒരു ഒന്നര ജഡ്ജസ്, (1)സംവിധായകന്‍ സിദ്ദീഖ്, (2)നമ്മുടെ പഴയ “സന്‍..ന്തോഷമായി ഗോപിയേട്ടാ.. സന്‍..ന്തോഷമായി” ഫെയിം ഷീലാമ്മ. പിന്നെ വരുന്നതൊക്കെ രണ്ടു രണ്ടര സെലിബ്രെട്ടി ജഡ്ജസ്. ഈ പരിപാടിക്ക് അവതാരക നങ്കൂരമടിക്കുന്നത് കോട്ടയം നസീറും ടിനി ടോമും. മമ്മൂട്ടിയെ അനുകരിച്ച് മിടുക്കുകാണിച്ചതിന്റെ മിടുമിടുക്കാവും ഇതിന്റെ പ്രചോദനം. (സുരാജ് വെഞ്ഞാറമൂടായിരുന്നു ആപ്റ്റ് നങ്കൂരം)
വിഷയം അതല്ല. മമ്മൂട്ടി - ദ ബെസ്റ്റ് ആക്ടര് അവാര്‍ഡ് 2009. എന്നാണ് പരിപാടിയുടെ പേര്‍. ഇതുകേള്‍ക്കുമ്പോള്‍ എന്താ തോന്നുക?
"മമ്മൂട്ടീസ് ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് 2009” എന്നോ മമ്മൂട്ടി അവതരിപ്പിക്കുന്നു “ദ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് എന്നായിരുന്നു എങ്കിലും സഹിക്കാം. ഇങ്ങിനെ ഒരു ടൈറ്റില്‍ ഈ പരിപാടിയുടെ ഉദ്ദേശം വെളിവാക്കുന്നു. അല്ലെങ്കില്‍ ദുരുദ്ദേശം പുറത്തുകൊന്റുവരുന്നു.


ടൈറ്റിലിനും അപ്പുറം പരിപാടിയിലേക്ക് ഇറങ്ങിയാല്‍, നടന്‍ മമ്മൂട്ടി മലയാള സിനിമയ്ക്കു നല്‍കിയ അഭിനയ സമ്പത്ത് തിരിച്ചറിയുക എന്നതാണ് പ്രോഗ്രാമിന്റെ പരമമായ ഉദ്ദേശം. കൂടാതെ ഓരോ എപ്പിസോഡിലും മമ്മൂട്ടിയുടെ ഓരോ കഥാപാത്രങ്ങളെ എടുത്ത് വിശദീകരിച്ച് കോള്‍മയിര്‍ കൊള്ളിക്കല്‍. ബെസ്റ്റ് പ്രോഗ്രാം! ബെസ്റ്റ് ആക്ടര്‍!!





പരിപാടി കണ്ടുകൊണ്ടിരിക്കുന്നത് നിങ്ങടെ ഡ്രോയിംഗ് റൂമില്‍ ആണെങ്കിലും ഉത്സവ പറമ്പില്‍ നാടകം കാണാനിരുന്ന അവസ്ഥ ഉണ്ടായേക്കും. കുറേ കുഞ്ഞുങ്ങള്‍ വന്ന് മത്സരിച്ച് നാടകം അഭിനയിച്ച് കളിക്കുന്നു. ചിലര്‍ മിമിക്രികാട്ടുന്നു.
എല്ലാറ്റിലും ഉപരി “ഈ പ്രോഗ്രാം“ എന്ന കണ്‍സപ്റ്റ് തന്നെ തെറ്റാണ്. മമ്മൂട്ടി അവതരിപ്പിച്ച റോളുകള്‍ അഭിനയിച്ച് പരസ്പരം മാറ്റുരച്ച് ജയിക്കുകയാണ് ഇതിന്റെ ഫൈനല്‍ കണ്ടസ്റ്റന്റ്സ് ചെയ്യേണ്ടത്. ഫാമിലി ഹീറോ, മാച്ചോ ഹീറോ, എപിക് ഹീറോ, അസ്വഭാവിക നായക കഥാപാത്രം, സാഹിത്യത്തില്‍ നിന്നുരുത്തിരിഞ്ഞ നായക കഥാപാത്രം, തമാശ നായകന്‍, എന്നിങ്ങനെ മമ്മൂട്ടിയുടെവ്യത്യസ്തങ്ങളായ ഔട്ട്‌സ്റ്റാന്റിങ് പെര്‍ഫോര്‍മന്‍സുകളാണ് ഇവിടെ മത്സരതൊഴിലാളികള്‍ക്ക് ഊന്നുവടിയാകേണ്ടത്. ബെസ്റ്റ് ആക്ടര്‍ എന്നാല്‍ മമ്മൂട്ടിയുടെ കഥാപാത്രങ്ങളെ അനുകരിക്കുന്നവര്‍ എന്നാണ് ഇവിടെ വരുത്തി തീര്‍ക്കുന്നത്. രണ്ടുദിവസം മുന്‍പ് ഒരു പയ്യന്‍, ഭൂതക്കണ്ണാടിയില്‍ മമ്മൂട്ടി ജയിലിലെ ഇല്ലാ-തുളയില്‍ നോക്കി അഭിനയിക്കുന്ന രംഗം തന്മയത്ത്വത്തോടെ അനുകരിച്ച് അഭിനയിച്ച് കയ്യടി വാങ്ങി. ഇങ്ങിനെ മലയാള സിനിമയില്‍ നിലനില്‍ക്കുന്ന, മമ്മൂട്ടി തന്റെ അഭിനയ ചാരുതയുടെ മികവു തെളിയിച്ച ശ്രദ്ധേയമായ ഒരു കഥാപാത്രത്തിന്റെ “റീമേക്ക്” എന്തിനായിരുന്നു എന്ന് മനസിലാകുന്നില്ല. ഞാന്‍ അഭിനയിച്ചതിന്റെ അടുത്തെങ്ങും വരില്ല നിങ്ങള്‍ എങ്ങിനെ അഭിനയിച്ചാലും നിങ്ങടെ സ്റ്റൈലില്‍ റീമേക്ക് ചെയ്താലും എന്ന് നാട്ടുകാര്‍ക്ക് മനസിലാക്കികൊടുക്കാനും സ്വയം തിരിച്ചറിഞ്ഞ് രസിക്കാനുമാണോ ഈ പ്രഹസനം?


ശരിക്കും ഉള്ള അഭിനയത്തിന്റെ അവാര്‍ഡ് കൊടുക്കാനായിരുന്നു എങ്കില്‍, സിദ്ദീഖിന്റെ പോലുള്ള സംവിധായകര്‍ (അല്ലെങ്കില്‍ ഓരോ എപിസോഡിലും സെലിബ്രെട്ടിയായിവരുന്ന പ്രഗല്‍ഭര്‍ ഒരു രംഗവും അതിലെ ഡയലോഗും പറ്രഞ്ഞുകൊട്ടുത്ത് മത്സരതൊഴിലാളികള്‍ അവരുടെ രീതിയില്‍ റെന്റര്‍ ചെയ്യുന്നതായിരുന്നു ഭേദം. അതുമല്ലെങ്കില്‍ ഒരു സംവിധായകന്‍ നടനു കൊടൂക്കുന്നപോഒലെ ഒരു നിര്‍ദ്ദേശം. അവരെ കൊണ്ട് സ്വതന്ത്രമായ കഥാപാത്രത്തെ അവതാരിപ്പിക്കുക. നിലവിലുള്ള ഒരു അഭിനയ മികവിന്റെ ശക്തമായ ഷാഡോഇല്ലാതെ തന്നെ. പക്ഷെ എങ്കില്‍ ഈ “കുളിരു” നടക്കില്ലല്ലോ! :)

ഞാന്‍ ഈ പറഞ്ഞതൊക്കെ ശരിയാണൊ എന്നറിയാന്‍ കാണുക എല്ലാ ശനിയാഴ്ചയും രാത്രി 9 മുതല്‍ 10 വരെ ഏഷ്യാനെറ്റ്. അല്ലാ‍ പിന്നെ!

എന്റെ ചാനല്‍ ഭഗോതീ ഇനിയും എന്തൊക്കെ കാണേണ്ടിവരും, എന്നെ അങ്ങു സാറ്റലൈറ്റിന്റെ തുമ്പത്തേക്ക് കെട്ടിയെടുക്കാന്‍?

Wednesday, September 16, 2009

സ്റ്റേപ്പ്‌ളര്‍

പേപ്പറുകള്‍ക്കിടയില്‍ നിന്നും സ്റ്റേപ്ലര്‍‍ വലിച്ചെടുത്തത്
അയാള്‍ക്ക് തിരക്കിട്ടെന്തോ ഒതുക്കിവയ്കാനാണ്
എന്തിനെന്ന് കുറേനേരം ഓര്‍ത്തു
പിന്നെ അയാള്‍ കണ്ടു മടക്കിയ കാഴ്കകളെ ചേര്‍ത്തുവച്ച്
പുരികത്തിനു താഴെയായി ഇമചേര്‍ത്ത് സ്റ്റേപ്പിള്‍ ചെയ്തു.
ഇപ്പോള്‍ കാഴ്ചകളെല്ലാം ഓര്‍ഡറില്‍ ഭദ്രം.
ഇവിടെ കാഴ്ചകള്‍ അടച്ചു
പുതിയവ എടുക്കുന്നുമില്ല.