Tuesday, November 17, 2009

പല്ലു തേയ്പ്പിന്റെ മതം ഓർമ്മിപ്പിക്കുന്നത്

പല്ലുതേയ്ച്ചപ്പോൾ നാവിലൂടെ
തലയിലേക്ക് നുഴഞ്ഞുകയറിയ ചോദ്യമാണ്
പല്ലുതേയ്പ്പിന്റെ മതമെന്താണ്?

ഈറൻ മണക്കുന്ന തുണികൾക്ക് കീഴിൽ വച്ച
ഓട്ടുപാത്രവും ഉപ്പും കുരുമുളകും അമ്മയുമാണ്
പല്ലു തേയ്പ്പിന്റെ ഉമിനീരൊലിപ്പിക്കുന്ന ഓർമ്മ.

ഛെ! എന്തുചിന്തിച്ചാലും എത്തിനിൽക്കുന്നത്
വൃത്തികെട്ട ഗൃഹാതുരത്തിലാണ്
അമ്മയെന്ന മൂടുപടമാണ് ആ എത്തിച്ചേരലിന്റെ ശാപം
അതിനു അമ്മ മൂടുപടമാണോ?

ചിലർക്കൊക്കെ,
പക്ഷെ വിഷയം പല്ലുതേയ്പ്പിന്റെ മതമായിരുന്നല്ലോ
അല്ല അതൊരു ഒളീച്ചോട്ടത്തിന്റെ വിഷയമായിരുന്നു.
ഉമിനീരൊലിക്കുന്ന ഉപ്പിൽ നിന്നും കുരുമുളകിലും നിന്നും
പിന്നെ അമ്മയിൽ നിന്നുമൊക്കെയുള്ള ഒളിച്ചോട്ടം
ഇതുവരെയുമൊരു കരയെത്താത്ത ഓട്ടം

Tuesday, October 13, 2009

ഒരില വീഴുന്നത്

ഒരു ചെറുകാറ്റിൽ ഞെട്ടടർന്നു
ഉടൽമാറി അപ്പുറത്തിലവീണു
ഇലയോർത്തു,
ഞാനൊന്നു പഴുത്തില്ലല്ലോ.

അനിയത്തിയുടെ ഉടുപ്പുകൾ


അനിയത്തിയുടെ ഉടുപ്പുകളോടെനിക്കനുകമ്പയാണ്.
ഉടുത്തവളെ മറയ്ക്കാൻ അവർക്കൊരുപാടു ചുറ്റേണ്ടിവരുന്നു
ചാനലുകളിലെ ചേച്ചിമാർ അവൾക്കുടുപ്പിന്റെ
അപ്‌ഡേറ്റുകൾ കാഴ്ചയാക്കുന്നു.

അനിയത്തിയുടെ ഉടുപ്പുകളോടെനിക്കിഷ്ടമാണ്.
വള്ളികളും പൂക്കളുമാണവളെ ചുറ്റാറുള്ളത്.
കാറ്റിലും വെളിച്ചത്തിലുമവ അവളെ മറച്ചു കാക്കുന്നു
ഇളം‌പച്ചയാണവൾക്കിഷ്ടം, എനിക്കും.

അനിയത്തിയുടെ ഉടുപ്പുകളോടെനിക്ക് വെറുപ്പാണ്
ആണൊരുത്തൻ കയ്‌വച്ചാലവ
അവളെ കയ്യൊഴിഞ്ഞു താഴെ പോകുന്നു.

Monday, October 12, 2009

Lonely Crow

കടപ്പുറത്തു കണ്ട കാക്ക

Crow,
the lonely crow
I think he knows
I'm lonely too
So lonely

German Soup (Cyanide)

Sunday, October 11, 2009

ഇ-കർഷകൻ

അവൻ അയച്ചുതന്ന മുയലിനെ എവിടെ വളർത്തും?
ഒരു നിമിഷം ശങ്കിച്ചു
സ്ഥലം ഇനിയും വാങ്ങണോ?
അടുത്ത വിളവെടുപ്പ് കഴിയട്ടെയെന്നുറച്ചു.
അതുവരെ മുയലിനെ ഒരിടത്തിരുത്തി.
പിന്നെ അവിടെ നിന്നനങ്ങാതെ ബന്ധിച്ചു.
ഇപ്പോൾ ഒട്ടനവധി മുയലുകളായി.
അവയുടെ രോമം വെട്ടിഞാൻ വിറ്റു.
അവർക്കുവേണ്ടിയല്ലെങ്കിലും പറമ്പു
മുഴുവനും ഞാൻ കാരറ്റു നട്ടു നനച്ചു വളർത്തി.
അടുത്ത പറമ്പിലെ കാക്കയെ ആട്ടി
കുറുക്കനെ കൂകിപേടിപ്പിച്ചു.
പിന്നെ
കാരറ്റിന്റെ വിളവെടുപ്പിനായി കാത്തിരുന്നു.
എന്റെ കമ്പ്യൂട്ടർ ടെബിളിനരുകിൽ.


<

Thursday, October 1, 2009

ചാനലുകള്‍ ചാകരയില്‍ പുളയ്ക്കുമ്പോള്‍

തേക്കടിയില്‍ ഇന്നലെ സംഭവിച്ച ദുരന്തം കഴിഞ്ഞിപ്പോള്‍ നേരത്തോടു നേരം കഴിഞ്ഞു.
മരണ സംഖ്യ നാല്‍പ്പതിന്റെ തുടക്കത്തിലെത്തി. ദുരന്തം ഒരുപാടു കുടുംബങ്ങള്‍ക്കും ഒട്ടനവധി മനസുകള്‍ക്കും ഒരു തീരാ നഷ്ടവും വേദനയുമാകുമ്പോള്‍ ഒരു കൂട്ടര്‍ക്ക് അതൊരു ചാകരയായി. ഇന്നലെ ഓടി തുടങ്ങിയ ലൈവ് ഇപ്പോഴും മുറിഞ്ഞിട്ടില്ല. കൊച്ചുകുട്ടികളുടേതടക്കമുള്ള മൃതശരീര കാഴ്ചകള്‍ നിരനിരയായും നിരതെറ്റി ഒരുപാടാവര്‍ത്തിച്ചും കാണിച്ചവര്‍ കത്തികയറുന്നു.

ഒരു വള്ളവും ഒരുപാടു ജീവിതങ്ങളും തടാകത്തിലേക്ക് കീഴ്മേല്‍ മറിഞ്ഞു കൂപ്പുകുത്തി ആറു മണിക്കൂറു കഴിയും മുന്‍പു തന്നെ “അന്വേഷണം” ആരംഭിച്ചു. ഇപ്പോഴും ലൈവ് ചേട്ടന്മാര്‍ ഒരു തീരുമാനത്തിലെത്തിയില്ല. ഇന്നലെ ആദ്യം കേട്ടത് യാത്രക്കാര്‍ ഒരുവശത്തേക്ക് നീങ്ങിയപ്പോള്‍ ബാലന്‍സ് തെറ്റി മറിഞ്ഞതായിട്ടാണ്. ഇന്നിപ്പോള്‍ അത് പുതിയ മാനങ്ങള്‍ തേടുന്നു. ഡ്രൈവര്‍ പുതുമുഖമാണ്, ഫൈബര്‍ വള്ളമോടിച്ച് മുന്‍പരിചയമില്ല. ഇതൊരു മനപൂര്‍വ്വം ക്രിയേറ്റു ചെയ്ത ദുരന്തം പോലെ ഒക്കെ വരുത്തി വയ്ക്കാന്‍ അവര്‍ ശ്രമിക്കുന്നു. ലൈവായി ചര്‍ച്ചിച്ച് മുളപ്പിക്കാന്‍ വിത്ത് ഒന്നും കിട്ടിയില്ലാ എങ്കില്‍ റിപ്പോര്‍ട്ടറോട് ന്യൂസ് റൂമില്‍ നിന്നും അന്വേഷിക്കാം “ഈ ദുരന്തത്തിനു പിന്നില ഏതെങ്കിലും ആദിവാസി സംഘടനകളുടെ ഇടപെടല്‍ കാണാനാകുന്നുണ്ടോ? വന്യമൃഗ സങ്കേതത്തിലെ ആനകള്‍ എങ്ങിനെയാണ് ഈ ദുരന്തത്തോട് പ്രതികരിച്ചത്? ഒരു കാട്ടു പൂച്ചയെ എങ്കിലും കിട്ടും വരെ ലൈനില്‍ തുടരു, വീണ്ടും ബന്ധപ്പെടാം”
ചാനല്‍ ജാര്‍ഗണുകള്‍ നിലയും നിലപാടു തറയും വിട്ട് പായുന്നു.

ഈ വിശകലനങ്ങളും റിപ്പോര്‍ട്ടിങ്ങും കണ്ടാല്‍ തോന്നുന്നത് ഇതിന്റെ പിന്നില്‍ എന്തോ ഗൂഢാലോചന നടന്നു എന്നാണ്. എന്തിനേയും ആ കണ്ണില്‍ കണ്ട് ശീലിച്ചുപോയവര്‍ക്ക് കണ്ണടയ്ക്കാന്‍ പറ്റില്ലല്ലോ.

ചാനലുകള്‍ പറയുന്നതാണ് ജനം അറിയുന്നത്. അതുകൊണ്ടു തന്നെ വര്‍ണ്ണ/വര്‍ഗ്ഗ/രാഷ്ട്രീയ വ്യത്യാസമില്ലാതെ തന്നെ ഒരേ ചിന്താധരയില്‍ തന്നെ രമിച്ച് കൊഴുക്കാനുള്ള കോപ്പ് അവര്‍ പരസ്പരം കോപ്പി ചെയ്തും വിശകലിച്ചും കത്തി കയറുന്നു. ഇനി അതില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോ എന്നും അന്വേഷിക്കാം. അങ്ങ്നെ അന്വേഷിച്ചാല്‍ ഒടുവില്‍ അന്വേഷണം പതിവുപോലെ ബിനീഷ് കോടിയേരിയിലോ മറ്റു മന്ത്രിപുത്രന്മാരിലോ വന്നെത്തി നില്‍ക്കുമെന്നാലും നമ്മള്‍ അതിശയിക്കരുത്. കാരണം ഇപ്പോള്‍ കേരളത്തില്‍ എന്തു നടന്നാലും ചാരിവയ്ക്കാന്‍ ചാനലുകാര്‍ ബുക്ക് ചെയ്ത ഒരു ചുവരാണത്. (ഇതിനര്‍ത്ഥം ഈ പറഞ്ഞ മന്ത്രിപുത്രന്മാരൊക്കെ വിശുദ്ധരാണ് എന്നല്ല. അതിവിടെ അലക്കേണ്ട വിഷയമല്ല, അങ്ങിനെ ചെയ്താല്‍ നമ്മളും ചാനല്‍ ബ്രദേര്‍സും തമ്മില്‍ എന്താ വ്യത്യാസം?)

ചാനലുകളുടെ ഊഹാപോഹങ്ങളില്‍ കുരുങ്ങി ഒരു സമൂഹം അനുദിനം, അനു നിമിഷം തങ്ങളുടെ ചിന്തയും വിശ്വാസവും മാറ്റി മറിച്ച് കൊണ്ടിരിക്കുന്നു. അവര്‍ക്ക് ഒരു ലൈവ് അപ്ഡേറ്റുപോലെ മറ്റുള്ളവരുമായി ചെയ്യാം “അറിഞ്ഞില്ലേ.. വള്ളം മുക്കിയത് ഉട്ടോപ്യന്‍ പട്ടിണി-തീവ്രവാദികളാണ്”

യാഥാര്‍ത്ഥ്യം തിരിച്ചറിയും വരെ ഇവര്‍ കണ്ടതും കാണാത്തതും ചിന്തിച്ചതും ചിന്തിക്കാതിരുന്നതും ഒക്കെ ചേര്‍ത്ത് വച്ച് വിശകലിക്കും. കഷ്ടം.
ചാനലുകളും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അകലം എന്നുപറയുന്നത് അങ്ങു മുകളില്‍ സാറ്റലൈറ്റിന്റെ അടുത്തുവരെ എത്തും എന്നതാണ് ‘ലൈവായ’ സത്യം.

Monday, September 28, 2009

നയന്‍‌താര നഷ്ടപ്പെടുത്തുന്ന മീശ.



ഇടത്തുനിന്നും വലത്തേക്ക് തലചരിച്ചുവച്ചിരുന്നാലെ
നയന്‍‌താരയെ കാണാനാകു
റോസ് നിറത്തിലുള്ള ഉടുപ്പിനുതാഴെ
വെളുത്ത കാല്‍മുട്ടുകളും.

നയന്‍‌താര പിന്നിലെ ചില്ലിലാണ് കൈകള്‍
പിണഞ്ഞ് നില്‍ക്കുന്നത്
കടുത്ത ഗന്ധവുമുള്ള ഏതോ വിലകുറഞ്ഞ
ആഫറ്റര്‍ ഷേവിന്റെ തണുപ്പ്.
കണ്ണിലിപ്പോഴും ചൂടുതന്നെ.

രണ്ടായി കീറിയ ടിഷ്യുവിലൊന്ന് മുഖത്തമര്‍ന്നപ്പോള്‍
ഞാന്‍ ഓര്‍ത്തു, ഇനിയിപ്പോള്‍ കസേരവിട്ടുകൊടുക്കണം.
പോരേ?,
കവിളില്‍ കൈതൊട്ടുകൊണ്ടു ബാര്‍ബര്‍ ചോദിച്ചു.
വലത്തേക്ക് തലചരിച്ചുവച്ചു ചില്ലില്‍ നോക്കി ഞാന്‍ മറുചോദ്യമിട്ടു,
ഈ മീശകൂടി എടുത്താലോ?